Sections

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ; തിരിച്ചെടുത്തത് 18,000 കോടിയ്ക്ക്

Friday, Oct 08, 2021
Reported By Admin
air india

1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്

 

എയര്‍ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.

നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാനുള്ള സര്‍ക്കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവുമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്.

1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു.

ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. യുഎസിലെ ഇന്റര്‍അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.